മാല്‍ദീവ്‌സ് കടലിനുള്ളിലെ ആര്‍ഭാട റിസോര്‍ട്ടുകള്‍

single-img
16 December 2018

ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകള്‍, അതാണ് മാലിദ്വീപുകളുടെ സൗന്ദര്യം. മാല്‍ദീവ്‌സിലെ മൊത്തം 1,190 ദ്വീപുകളില്‍ 200 ദ്വീപുകള്‍ സമ്പൂര്‍ണ്ണ റിസോര്‍ട്ടുകളാണ്. വെള്ള മണല്‍ കൊണ്ട് ചുറ്റപ്പെട്ട ഓരോ ചെറുദ്വീപുകളും ഓരോ ഹോട്ടലുകളാണ്.

ചുറ്റും ജലവും മുകളില്‍ ആകാശവും മാത്രമുള്ള മാലിദ്വീപില്‍ ഒരു മോശം ഹോളിഡേ, വളരെ അപൂര്‍വ്വമായിരിക്കും. സ്‌കൂബാ ഡൈവിങ്ങ്, സ്‌നോര്‍ക്ലിങ്ങ്, വെള്ളത്തില്‍ കുറച്ചുദൂരം നീങ്ങി ആകാശത്തുയരുന്ന കടല്‍ വിമാനങ്ങള്‍, സ്പീഡ് ബോട്ടുകള്‍, വെള്ളത്തിനുമുകളില്‍ മുറികളുള്ള വാട്ടര്‍ വില്ലകള്‍, മാലിദ്വീപുകളുടെ മാത്രം പ്രത്യേകതകളാണ്.

15 ഇനം പഴങ്ങളും, പച്ചക്കറികളും, കൃഷിത്തോട്ടങ്ങളുമുണ്ടെങ്കിലും റിസോര്‍ട്ടിലെ ആഹാരം മൊത്തം ഇറക്കുമതി ചെയ്യുകയാണ്. കാഫു ദ്വീപിലെ വെലാന അന്തര്‍ദേശീയ വിമാനത്താവളമാണ് മാലിയില്‍ എത്തപ്പെടാനുള്ള പ്രധാന സഞ്ചാരകേന്ദ്രം. അവിടെ നിന്നും സ്പീഡ് ബോട്ടിലോ ചെറുവിമാനങ്ങളിലോ മറ്റ് ദ്വീപുകളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പ്രധാന ടൂറിസ്റ്റ് സീസണ്‍.

60 അടി നീളമുള്ള തടിബോട്ടിലൂടെയുള്ള ജലപര്യടനം ശാന്തമായ തെളിഞ്ഞ കടലിന്റെ ആഴങ്ങളിലേക്കുള്ള സുഖകരമായ കാഴ്ചയാണ്. കടലിനടിയിലുള്ള ഇത്താ എന്ന അണ്ടര്‍വാട്ടര്‍ റെസ്‌റ്റൊറന്റ് ലോകോത്തര ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഗ്ലാസ്സ് റെസ്‌റ്റോറന്റില്‍ കഴിക്കണമെങ്കില്‍ കോണ്‍റാഡ് റങ്കാലി ഹോട്ടലില്‍ താമസിക്കണം എന്നു മാത്രം. ഷാങ്ക്രിലാ വില്ലിങ്ങിലി ഹോട്ടലില്‍ 9ഹോള്‍ ഗോള്‍ഫ് കോഴ്‌സുമുണ്ട്.