പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി കുവൈത്ത്

single-img
16 December 2018

വിദേശികളുടെ അടുത്ത ബന്ധുക്കള്‍ (മാതാവ്, പിതാവ്, ഭാര്യയുടെ രക്ഷിതാക്കള്‍) എന്നിവര്‍ക്കുള്ള സന്ദര്‍ശക വീസ കാലാവധി മൂന്ന് മാസമാക്കി വര്‍ധിപ്പിക്കാന്‍ കുവൈത്ത് താമസാനുമതികാര്യവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി നിര്‍ദേശം നല്‍കി. നിലവില്‍ ഒരുമാസത്തേക്കാണ് സന്ദര്‍ശക വീസ അനുവദിക്കുന്നത്. കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷകളുടെ ബാഹുല്യം പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെയായി എല്ലാതരം സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. അതിന് ശേഷം രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈത്തില്‍ നിര്‍ത്താം എന്ന നിലയില്‍ ഇളവ് നല്‍കി.

ഇപ്പോള്‍ മാതാപിതാക്കളെയും ഈ പരിധിയില്‍ പെടുത്തിയിരിക്കുകയാണ്. കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഭാര്യ, മക്കള്‍ എന്നിവരെ കൊണ്ടുവരുന്നതിനുള്ള കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തിയതെങ്കില്‍ വിസ കാലാവധി നീട്ടാന്‍ എത്തുന്നവരുടെ തിരക്ക് കൂടിയതാണ് പുതിയ ഉത്തരവിന് കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്.

ആറ് ഗവര്‍ണറേറ്റുകളിലെയും താമസകാര്യ ഓഫിസുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസയുടെ കാലപരിധി ഒരുമാസം തന്നെയായിരിക്കും.