ഇനി ബിജെപി ഹര്‍ത്താലുകള്‍ നടത്തിയാല്‍ അംഗീകരിക്കില്ല: തുറന്നടിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

single-img
16 December 2018

ഹര്‍ത്താലുകള്‍ക്ക് ന്യായീകരണമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബി.ജെ.പിയെന്നല്ല ആര് നടത്തിയാലും ഹര്‍ത്താലിന് ന്യായീകരണമില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത് ഹര്‍ത്താലുകള്‍. ഹര്‍ത്താല്‍ ടൂറിസത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരം അടക്കമുള്ള കേരളത്തിന്റെ സാമ്പത്തിക മേഖലകളെ ഹര്‍ത്താല്‍ കാര്യമായി ബാധിക്കുന്നുണ്ട്. ക്രിയാത്മകമായി മുന്നോട്ടു പോകുന്ന സമൂഹത്തിന് ചേര്‍ന്ന പ്രതിഷേധ മാര്‍ഗമല്ല ഹര്‍ത്താലുകള്‍. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പക്ഷേ അതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനിടയില്‍ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. ഹര്‍ത്താല്‍ നടത്തുമ്പോള്‍ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുക. എങ്ങനെ അവര്‍ക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും കഴിയുകയെന്നും മന്ത്രി ചോദിച്ചു. ഭാവി തലമുറയ്ക്ക് ജോലിയും വരുമാനവും ഉണ്ടാകുന്ന സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ബി.ജെ.പി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്തുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം. മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ നടത്തിയതില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണ കുറയാന്‍ കാരണമായെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായമുണ്ട്.