ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അതി ജാഗ്രതാ നിര്‍ദേശം

single-img
16 December 2018

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേത്തുടര്‍ന്ന് ആന്ധാപ്രദേശ് തമിഴ്‌നാട് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചുഴലിക്കാറ്റ് ഇപ്പോള്‍ ആന്ധാപ്രദേശ് മച്ചിലിപ്പട്ടണം, തമിഴ്‌നാട് ചെന്നൈ ഭാഗത്തേക്ക് നീങ്ങുകയാണ്.

കോസ്റ്റല്‍ ഗാര്‍ഡും നാഷ്ണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ്ബിള്‍ ഫോഴ്‌സും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ആന്ധ്രപദേശ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ്ബില്‍ ഫോഴ്‌സിന്റെ പതിനാറ് ടീമുകളും ഫയര്‍ സര്‍വ്വീസും ദക്ഷിണ ഗോദാവരി ജില്ലയിലെ അഞ്ച് അംഗങ്ങളുള്ള ഒന്‍പത് ടീമുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി.

ഓങ്ങോലെ, കാക്കിനാഡാ ഭാഗത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 45-55 കിലോമീറ്ററില്‍ വീശുന്ന കാറ്റ് 85 കിലോമീറ്റര്‍ വേഗതയിലേക്ക് ശക്തിപ്രാപിച്ച് പുതുശ്ശേരി, വടക്ക് തമിഴ്‌നാട്, ആന്ധ്രാപ്രദേശിന്റെ പടിഞ്ഞാറന്‍ തീരത്തേക്കും നീങ്ങുവാന്‍ സാദ്ധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ മല്‍സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നത് വിലക്കിയിരിക്കുകയാണ്.

തമിഴ്‌നാട് തീരത്ത് നവംബര്‍ 16ന് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിനു ശേഷം ഈ സീസണിലെ നാലാമത്തെ ചുഴലിക്കാറ്റാണിത്. മുമ്പ് ദായി ചുഴലിക്കാറ്റും, തിത്‌ലി ചുഴലിക്കാറ്റും ഒഡീഷയിലും ആന്ധ്രയിലും നാഷനഷ്ടങ്ങള്‍ വിതച്ചിരുന്നു.