പെര്‍ത്തില്‍ ഇന്ത്യ പൊരുതുന്നു; രക്ഷകരായി കോഹ്ലിയും രഹാനയും

single-img
15 December 2018

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. രണ്ട് വിക്കറ്റിന് 8 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നും ടീമിനെ കരകയറ്റിയത് കോഹ്ലി- രെഹാന – പൂജാര കൂട്ടുകെട്ടാണ്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്.

വിരാട് കോലി (82), അജിന്‍ക്യ രഹാനെ (51) എന്നിവരാണ് ക്രീസില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 326ന് ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 154 റണ്‍സ് കൂടി വേണം. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒമ്പത് ഫോറുകളുടെ സഹായത്തോടെയാണ് കോലി 82 റണ്‍സെടുത്തത്.

ഇരുവരും ഇതുവരെ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, വിജയ്യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. കെ.എല്‍. രാഹുല്‍ പുറത്തായത് ജോഷ് ഹേസല്‍വുഡിന്റെ ഒരു യോര്‍ക്കറിലായിരുന്നു. ഇരുവരും പുറത്താവുമ്പോള്‍ എട്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. തുടര്‍ന്ന് പൂജാര കോലി സഖ്യമുണ്ടാക്കി 74 റണ്‍സ് നേടുന്നതിനിടെ പൂജാരയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്.

277ന് ആറ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു, സ്‌കോര്‍ 326. നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് ഓസീസിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ് എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ കമ്മിന്‍സിനെ (19) പുറത്താക്കി ഉമേഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഉമേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കമ്മിന്‍സ്. അധ ികം വൈകാതെ പെയ്‌നും (38) കൂടാരം കയറി. ബുംറയുടെ പന്തില്‍ പെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറ് റണ്‍സ് മാത്രമെടുത്ത സ്റ്റാര്‍ക്കിനെ ഇശാന്ത് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡും (0) ഇതേ രീതിയില്‍ പുറത്തായി.