ശശിക്ക് പൂര്‍ണ പിന്തുണ; യുവതിക്ക് കുറ്റപ്പെടുത്തലും; സിപിഎമ്മിനെ വെട്ടിലാക്കി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

single-img
15 December 2018

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശിക്കൊണ്ടുള്ള സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്.

പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് സംശയമുണ്ടെന്നും, പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പി.കെ.ശശി പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്‍പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി.

സ്വമേധയാ യുവതി പരാതി നല്‍കിയതാണെന്ന് കരുതാനാവില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.