രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവ്

single-img
15 December 2018

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു.

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.