2018ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് പ്രിയാ പ്രകാശ് വാര്യരെ; ഗൂഗിള്‍ സേര്‍ച്ച് ട്രന്റിങ്ങില്‍ ഒരു മലയാളി നടി ഒന്നാമതെത്തുന്നത് ഇതാദ്യം

single-img
15 December 2018

2018 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രതാരം പ്രിയ പ്രകാശ് വാര്യരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്. ഇത് ആദ്യമായാണ് ഒരു മലയാളി നടി ഗൂഗിള്‍ സേര്‍ച്ച് ട്രന്റിങ്ങില്‍ ഒന്നാമതെത്തുന്നത്.

പട്ടികയില്‍ പല ബോളിവുഡ് താരങ്ങളും പ്രിയയ്ക്ക് താഴെയാണ്. പത്ത് പേരുടെ പട്ടികയില്‍ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍ ഏഴാം സ്ഥാനത്തുമാണ്. പ്രിയങ്ക ചോപ്രയുടെ വരന്‍ നിക് ജൊനാസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ഗൂഗിള്‍ സേര്‍ച്ച് ട്രന്റിങ്ങില്‍ മുന്നില്‍ നിന്നിരുന്ന സണ്ണി ലിയോണിനെ പട്ടികയില്‍ കാണുന്നില്ല. ഇന്ത്യയ്ക്കാര്‍ ഒന്നടങ്കം പ്രിയാവാര്യറെ തിരഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് മായജാലം തീര്‍ത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്.

താര വിവാഹങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സംഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പ്രിയങ്ക നിക്ക്, ദീപിക രണ്‍വീര്‍, സോനം ആനന്ദ് എന്നിവയാണ് ഗൂഗിളില്‍ തരംഗമായ വിവാഹങ്ങള്‍. കേരളത്തെയാകെ ഭീതിയിലാക്കിയ നിപ വയറസ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വിഷയമായി. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും പട്ടികയിലുണ്ട്.

എന്താണ് കിക്കി ചലഞ്ച്? എന്താണ് 377ാം വകുപ്പ്? എന്താണ് മീടു ക്യാമ്പയിന്‍? സിറിയയില്‍ എന്താണ് നടക്കുന്നത്? വാട്‌സ് ആപ്പില്‍ സ്റ്റിക്കര്‍ എങ്ങനെ അയക്കാം?, മൊബൈല്‍ നമ്പറുമായി ആധാര്‍ എങ്ങനെ ബന്ധിപ്പിക്കാം? രംഗോളി എങ്ങനെ ഇടാം? ബിറ്റ് കോയിനില്‍ എങ്ങനെ നിക്ഷേപം നടത്താം? തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

ലോകകപ്പ് വര്‍ഷമായതിനാല്‍ തന്നെ കായിക മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സെര്‍ച്ചുകള്‍ ഉണ്ടായത് റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ടാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും മുന്നില്‍ തന്നെയുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ്, വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്നിവയും ആളുകള്‍ തിരഞ്ഞ പട്ടികയില്‍ ഇടം നേടി.