‘പ്രവാസിയുടെ ശമ്പള കുടിശ്ശിക തീര്‍ക്കണം’; പിതാവിന്റെ അന്ത്യാഭിലാഷം സാധിക്കാന്‍ സൗദി പൗരന്‍ ഇന്ത്യയിലെത്തി

single-img
15 December 2018

ഗള്‍ഫ് നാടുകളിലെ കരാര്‍ തൊഴിലാളികള്‍ കരാര്‍ മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ ശമ്പള കുടിശ്ശിക ഉണ്ടാവുക സ്വാഭാവികമാണ്. സൗദിയില്‍ കമ്പനി ഉടമ കുടിശ്ശിക ഏല്‍പ്പിക്കാന്‍ മകനെ ഇന്ത്യയിലേക്ക് പറഞ്ഞയക്കുന്ന അപൂര്‍വ്വമായ സംഭവമാണ് സൗദി ഹായിലിലെ അല്‍ ഖിത്ത എന്ന് സ്ഥലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരണക്കിടക്കയില്‍ കിടന്ന് മകനോട് ആ പിതാവ് അവസാനം ആവശ്യപ്പെട്ട കാര്യങ്ങളിലൊന്ന് ഇതായിരുന്നു, തന്റെ കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്ത് ആറായിരത്തോളം റിയാല്‍ ശമ്പള കുടിശ്ശികയുമായി ഇന്ത്യയിലേയ്ക്ക് പോയി അവിടെ മരിച്ചുപോയ യുവാവിന്റെ കുടുംബത്തെ കണ്ടെത്തി ആ പണം ഏല്‍പിക്കണം.

ദീര്‍ഘകാലം അല്‍ ഖിത്തയിലെ നിര്‍മാണ കരാര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഉത്തരേന്ത്യക്കാരനായ യുവാവ്. പിന്നീട് ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശമ്പള കുടിശ്ശിക ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന ആറായിരത്തോളം റിയാല്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല.

പിന്നീട് നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് കമ്പനി ഉടമയായ സൗദി പൗരന്‍ ഇന്ത്യക്കാരനെ പറഞ്ഞയച്ചത്. എന്നാല്‍, യുവാവ് നാട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു അപകടത്തില്‍ മരിച്ചു. ഇതറിയുമ്പോള്‍ സൗദി പൗരനും രോഗ ബാധിതനായി കിടപ്പിലായി.

ഇന്ത്യക്കാരന്‍ യുവാവിന്റെ പാസ്‌പോര്‍ട് കോപ്പിയല്ലാതെ മറ്റൊന്നും സൗദി പൗരന്റെ കൈവശമുണ്ടായിരുന്നില്ല. അതുമായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച മകന്‍ മിസ് ഫര്‍ അല്‍ ഷമ്മാരിക്ക് ഇന്ത്യക്കാരനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് അധികൃതര്‍ വാക്കു നല്‍കി.

തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയുമായി ബന്ധപ്പെടുകയും പാസ്‌പോര്‍ട് വിശദാംശങ്ങള്‍ വച്ച് ഇന്ത്യക്കാരനെ കണ്ടെത്തുകയുമായിരുന്നു. അയാളുടെ വീട്ടില്‍ ചെന്ന് കുടുംബത്തിന് ചെക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ വീഡിയോ ക്ലിപ്പിങ്ങെടുത്തിരുന്നു. ഇതു കാണാന്‍ പക്ഷേ, സൗദി പൗരന് ഭാഗ്യമുണ്ടായില്ല. അതിന് മുന്‍പേ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.