മോദി അനില്‍ അംബാനിയെ സഹായിച്ചത് താന്‍ തെളിയിക്കും; കടുപ്പിച്ച് രാഹുല്‍ ഗാന്ധി

single-img
15 December 2018

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിന് പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടു സംബന്ധിച്ച് വിശദീകരിക്കാന്‍ മോദി എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ മുന്നില്‍ വരാത്തതെന്ന് രാഹുല്‍ ചോദിച്ചു.

മോദി അദ്ദേഹത്തിന്റെ സുഹൃത്തായ അനില്‍ അംബാനിയെ സഹായിച്ചത് താന്‍ തെളിയിക്കും. ”കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍. മോദി നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അന്വഷണത്തില്‍ എല്ലാം പുറത്തുവരും. നരേന്ദ്ര മോദിയെക്കുറിച്ചും അനില്‍ അംബാനിയെക്കുറിച്ചുമെല്ലാം.”രാഹുല്‍ ഗാന്ധി പറഞ്ഞു

റഫേല്‍ ഇടപാടില്‍ സുപ്രീംകോടതി പരാമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചും രാഹുല്‍ സംശയമുന്നയിച്ചു. ”സിഎജി റിപ്പോര്‍ട്ടാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം. എന്നാല്‍ പബ്ലിക് അക്കൗണ്ട് കമ്മറ്റി ചെയര്‍മാന്‍ ആയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോലും ഇതുവരെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ല.

കോടതി മാത്രമേ കണ്ടിട്ടുള്ളു. എവിടെയാണ് സിഎജി റിപ്പോര്‍ട്ട്, കാണിക്കാമോ, അത് ചിലപ്പോള്‍ ഫ്രാന്‍സ് പാര്‍ലമെന്റിലായിരിക്കും അല്ലേ, അതുമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേകം പിഎസി ഉണ്ടാകുമായിരിക്കും-” രാഹുല്‍ പറഞ്ഞു

36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവില്ലെന്നായിരുന്നു കോടതി പറഞ്ഞത്.