മഞ്ജുവിനെ തിരികെ എത്തിച്ചപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം; മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍

single-img
15 December 2018

നടി മഞ്ജു വാരിയരുടെ വളര്‍ച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയന്‍ സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പരസ്യങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം.

സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ആക്രമണത്തിന്റെ ക്ലൈമാക്‌സ് ആണിത്. ഒടിയന്‍ സിനിമക്കെതിരെ പി.ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു.

മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഇവരുടെ കെണിയില്‍ വീണെന്നും, തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ മഞ്ജു പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു.

ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് ‘മഞ്ജു എന്ന ബ്രാന്‍ഡ്’ ആണ്– അദ്ദേഹം പറഞ്ഞു.

മഞ്ജു വാരിയര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേല്‍വരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതില്‍ ഖേദമില്ല.’–ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.