ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

single-img
15 December 2018

ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ലക്‌നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി. വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനം സുരക്ഷിതമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ പിന്നീട് അറിയിച്ചു.

രാവിലെ 6.05നാണ് ഇന്‍ഡിഗോ 6C 3612 വിമാനം പുറപ്പെടേണ്ടിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ഇന്‍ഡിഗോ എയറിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എത്ര പേര്‍ വിമാനത്തിലുണ്ടായിരുന്നു എന്നതിനെ കുറിച്ചും വിവരമില്ല. ഗോ എയര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാനിരുന്ന ഒരു സ്ത്രീയാണ് ഇന്‍ഡിഗോ ചെക്കിന്‍ കൗണ്ടറില്‍ 6C 3612 ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്ന വിവരവുമായി എത്തിയത്.

കൂടെ ചിലരുടെ ചിത്രങ്ങളും കാണിച്ച സ്ത്രീ ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ എയര്‍പോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി സ്ത്രീയെ കൊണ്ടു പോവുകയും ചെയ്തു. ഇവര്‍ മാനസികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.