ഗജയ്ക്ക് പിന്നാലെ ഫെതായ് ചുഴലിക്കാറ്റ് വരുന്നു; ജാഗ്രത

single-img
15 December 2018

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കന്‍ തീരത്ത് ഫെതായ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട് തീരത്ത് നവംബര്‍ 16ന് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിനു ശേഷം ഈ സീസണിലെ നാലാമത്തെ ചുഴലിക്കാറ്റാണിത്. മുമ്പ് ദായി ചുഴലിക്കാറ്റും, തിത്‌ലി ചുഴലിക്കാറ്റും ഒഡീഷയിലും ആന്ധ്രയിലും നാഷനഷ്ടങ്ങള്‍ വിതച്ചിരുന്നു.