ഫെയ്‌സ്ബുക്കില്‍ വീണ്ടും സുരക്ഷാ തകരാര്‍; 6.8 മില്ല്യന്‍ ഉപഭോക്താക്കളെയും 1,500 ആപ്ലിക്കേഷനുകളെയും ബാധിച്ചതായി റിപ്പോര്‍ട്ട്

single-img
15 December 2018

ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉപഭോക്താക്കളെ ബാധിച്ച ബഗ്ഗാണ് ഇത്തവണ ഫെയ്‌സ്ബുക്കിന്റെ വില്ലനായി മാറിയത്. ഉപഭോക്താക്കളുടെ ഫോട്ടോകള്‍, ആപ്പ് ഡെവലപ്പര്‍മാരുടെ പക്കല്‍ എത്തുന്നതായിരുന്നു ഫെയ്‌സ്ബുക്ക് കണ്ടെത്തിയ ബഗ്ഗ് മൂലമുള്ള തകരാര്‍. മൂന്നാം കക്ഷി ആപ്പുകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്തവരുടെ ഫോട്ടോകളാണ് ഇത്തരത്തില്‍ ആപ്പ് ഡെവലപ്പര്‍മാരിലേക്ക് യഥേഷ്ടം എത്തിയത്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു, സാധാരണഗതിയില്‍ മൂന്നാം കക്ഷി ആപ്പുകള്‍ക്ക് 12 ദിവസമാണ് ഫോട്ടോകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ ചില ആപ്പുകള്‍ക്ക് അനുവദിച്ചതിലും കൂടുതല്‍ ദിവസം ഫോട്ടോകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നാണ് ഫെയ്‌സ്ബുക്ക് ബ്ലോഗില്‍ എഴുതിയത്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ മാത്രമല്ല ആപ്പ് ഡെവലപ്പര്‍മാരുടെ പക്കല്‍ എത്തിയത്. സാങ്കേതിക തകരാര്‍ മൂലം പോസ്റ്റ് ചെയ്യാനാകാത്ത ഫോട്ടോകളും ഇത്തരത്തില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് സ്റ്റോറീസ് ആയി പോസ്റ്റ് ചെയ്ത ഫോട്ടോകളും ചോര്‍ന്നിട്ടുണ്ട്.

ഏതെല്ലാം ആപ്പുകളാണ് ഇത്തരത്തില്‍ തകരാര്‍ ഉണ്ടാക്കിയത് എന്ന് സംബന്ധിച്ച വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ അറിയിക്കുമെന്നും, ചോര്‍ന്ന ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്.

കേംബ്രിഡ്ജ് അനലെറ്റിക്ക ഡാറ്റാ വിവാദത്തെ തുടര്‍ന്ന് സുരക്ഷാ ഭീഷണികളുടെ കാര്യത്തില്‍ സൂക്ഷ്മ പരിശോധനകള്‍ നടത്തി വരികയാണ് ഫെയ്‌സ്ബുക്ക്. കഴിഞ്ഞ മാസം 120 മില്ല്യന്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ വില്‍പ്പനയ്ക്ക് വച്ചിരുന്നു എന്ന് ബിബിസി റഷ്യയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സ്വന്തം പ്രൊഫൈലിന്റെ കോഡ് മറ്റുള്ളവര്‍ എങ്ങിനെ കാണുന്നു എന്നറിയാനായി പ്രിവ്യു സംവിധാനം ഫെയ്‌സ്ബുക്ക് ഒരുക്കിയിരുന്നു.