”മോദിസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; റഫാല്‍ വിധിയില്‍ കോടതി പരാമര്‍ശിച്ചത് ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട്”

single-img
15 December 2018

റഫാല്‍ വിമാന ഇടപാടില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഇനിയും എത്തിയിട്ടില്ല. വിഷയം ഗൗരവമായി പി.എ.സിയില്‍ ചര്‍ച്ച ചെയ്യും. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

റഫാല്‍ വില സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് നല്‍കിയെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചുവെന്നുമാണ് വിധിന്യായത്തിന്റെ ഇരുപത്തൊന്നാം പേജിലെ പരാമര്‍ശം.

എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കണ്ടിട്ടേയില്ലെന്നാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്. സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിനു കാരണമായ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാകുന്നതേയുള്ളുവെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുന്‍പ് നല്‍കാനാണ് ആലോചിക്കുന്നത്. സാധാരണ ഗതിയില്‍, സിഎജിയുടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും മുന്‍പ്, സര്‍ക്കാരിന് നിലപാടു വ്യക്തമാക്കാന്‍ അവസരം നല്‍കാറുണ്ട്.

എക്‌സിറ്റ് മീറ്റിങ് എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിന്റെ തീയതിപോലും റഫാല്‍ കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു. സിഎജി പാര്‍ലമെന്റിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. പാര്‍ലമെന്റാണ് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്.

എന്നാല്‍, സിഎജിയുടെ റിപ്പോര്‍ട്ട് പിഎഎസി പരിശോധിച്ചെന്നും, റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗമാണ് പാര്‍ലമെന്റിനു നല്‍കിയതെന്നുമാണ് വിധിന്യായത്തില്‍ പറയുന്നത്. റഫാല്‍ വിഷയത്തില്‍ ഏതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതായി പാര്‍ലമെന്റ് രേഖകകളില്ല.

സിഎജി റിപ്പോര്‍ട്ട് തയ്യാറായെന്നോ അതു പിഎസിക്കു ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, പല കാര്യങ്ങളും സര്‍ക്കാര്‍ രഹസ്യരേഖയായി കോടതിക്കു കൈമാറുകയും ചെയ്തു. അതില്‍ സിഎജി റിപ്പോര്‍ട്ടും പിഎസിയും പരാമര്‍ശിച്ചിട്ടുണ്ടാവാമെന്ന സംശയമാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂറിയും മറ്റും ഉന്നയിക്കുന്നത്. ഇല്ലാത്ത റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിധിയെന്നും അവര്‍ ആരോപിക്കുന്നു.

അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിന്റെ മാതൃസ്ഥാപനമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നതാണ് വിധിയിലെ വസ്തുതാപരമായ മറ്റൊരു പിഴവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഈ പരാമര്‍ശമെന്നാണ് വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.