മിന്നല്‍പ്രളയത്തില്‍ നദി ഇരച്ചെത്തി; 320 അടി താഴ്ചയില്‍ 13 പേര്‍ ഖനിയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

single-img
15 December 2018

മേഘാലയയില്‍ കിഴക്കന്‍ ജെയ്ന്‍തിയ പര്‍വതമേഖലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമം തുടരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 2 സംഘവും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും ഉള്‍പ്പെടെ നൂറിലേരെ പേര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം.

ജെയ്ന്‍തിയ പര്‍വ്വതമേഖലയില്‍ 320 അടി താഴ്ചയിലാണ് എലിമടകള്‍ എന്നറിയപ്പെടുന്ന ഖനികള്‍ ഉള്ളത്. ഏണികള്‍ ഉപയോഗിച്ചാണ് സാധാരണ കല്‍ക്കരി ശേഖരിക്കാന്‍ ആളുകള്‍ ഇറങ്ങുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം ഇരച്ചിറങ്ങിയതോടെയാണ് രണ്ട് ദിവസം മുമ്പ് ഖനിയില്‍ ആളുകള്‍ കുടുങ്ങിയത്.

മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. 2014ല്‍ ഹരിത ട്രിബ്യൂണല്‍ ഇത്തരം ഖനികള്‍ നിരോധിച്ചെങ്കിലും ഇപ്പോഴും ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ നിരവധി ഖനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ പ്രളയത്തില്‍ സമീപത്തെ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെള്ളം ഖനിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ ഇടിഞ്ഞുതകരുകയും ചെയ്തു. കൊടുംകാടിനു സമീപത്താണ് ഖനി. കല്‍ക്കരിയാല്‍ സമ്പന്നമാണു ജെയ്ന്‍തിയ പര്‍വതമേഖല. ബംഗ്ലദേശ് അതിര്‍ത്തിയോടു ചേര്‍ന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാസംവിധാനങ്ങളില്ലാത്തതുമാണ്.

വ്യാഴാഴ്ച രാവിലെയാണ് ഇക്കാര്യം പൊലീസ് അറിഞ്ഞത്. ഒരാഴ്ച മുന്‍പു മാത്രമാണ് ഇവിടെ അനധികൃത ഖനനം ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു. അസമില്‍ നിന്നും മേഘാലയയില്‍ നിന്നുമുള്ളവരാണ് കുടുങ്ങിയവരെല്ലാം. 2012ല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ മേഘാലയയില്‍ 15 പേര്‍ മരിച്ചിരുന്നു. അനധികൃത ഖനിയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.