ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന് പൊലീസ്

single-img
14 December 2018

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹർത്താൽ. സർക്കാറിന്റെ ശബരിമല നയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബിജെപിയുടെ അവകാശവാദം.

എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയുകയാണ് പൊലീസ്. ശബരിമല പ്രശ്നങ്ങളെച്ചൊല്ലി നടക്കുന്ന സമരവുമായി വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പ്ലംബിംഗ്, ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന വേണുഗോപാലന്‍ നായര്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് ആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മൊഴിയില്‍ പറയുന്നുണ്ട്. മരണ വെപ്രാളത്തില്‍ സമരപ്പന്തലിലേക്ക് ഓടിയതാണെന്നും വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എതിരെ ഭരണ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വേണുഗോപാലന്‍ നായരെ ബലിദാനിയായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

നിരന്തരം ഹര്‍ത്താല്‍ നടത്തി ബിജെപി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശബരിമല സമരം പൊളിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് ബി.ജെ.പി ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.