ബിജെപി ഹര്‍ത്താലില്‍ വിനോദ സഞ്ചാരികളും വലഞ്ഞു: കൊച്ചിയില്‍ കുടുങ്ങിയത് 2500 പേര്‍

single-img
14 December 2018

ഓഗസ്റ്റ് മാസത്തിലെ പ്രളയത്തെ തുടര്‍ന്ന് മങ്ങിപ്പോയ കേരള ടൂറിസം മേഖല പയ്യെ ഉണര്‍ന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ്. എന്നാല്‍ വ്യാഴാഴ്ച ക്രൂസ് ലൈവറില്‍ എത്തിയ 2500-ഓളം വിനോദസഞ്ചാരികള്‍ക്ക് ആദ്യദിവസം തന്നെ ബിജെപി ഹര്‍ത്താല്‍ കല്ലുകടിയായി.

കൊച്ചി പോര്‍ട്ടില്‍ ‘മരേല്ല ഡിസ്‌കവറി’ എന്ന ആഡംബര ക്രൂസ് ഷിപ്പില്‍ 1,720 വിനോദസഞ്ചാരികളും മൂന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റുകളിലുമായി 900 വിനോദസഞ്ചാരികളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോപ്പിങ്ങിനും നഗരക്കാഴ്ചകള്‍ക്കുമായി എറണാകുളത്തെത്തിയത്.

വിനോദസഞ്ചാരികള്‍ക്കായി വ്യത്യസ്ത ലൊക്കേഷനുകളിലായി എട്ട് ടൂറുകള്‍ ഒരുക്കിയിരിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അപ്രതീക്ഷിതമായ ഹര്‍ത്താലില്‍ അങ്കലാപ്പിലായി. ഹര്‍ത്താല്‍ ടൂറിസത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ട്രാവല്‍ ഏജന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പൗലോസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും പിന്‍വലിക്കണമെന്ന് ഞങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ഹര്‍ത്താലില്‍ ഒരു ജര്‍മ്മന്‍ സഞ്ചാരിയെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ സംഭവമുണ്ടായിയെന്ന് അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ ക്രൂസ് ലൈനര്‍ ഷിപ്പുകള്‍ വരും ദിവസങ്ങളില്‍ കൊച്ചിയിലെത്തുന്നുണ്ടെന്ന് എറണാകുളം ഡിടിപിസി സെക്രട്ടറി എസ് വിജയകുമാര്‍ പത്രക്കുറുപ്പില്‍ അറിയിച്ചു. കൊച്ചി മുസിരിസ് ബിനാലെയാണ് വിനോദ സഞ്ചാരികളുടെ പ്രധാനമായ ആകര്‍ഷണം.

കൊച്ചി കായലില്‍ ബോട്ട് യാത്ര, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മറൈന്‍ഡ്രൈവ്, ബ്രോഡ് വേ എന്നിവിടങ്ങളില്‍ വാക്കിംഗ് ടൂര്‍, ഇവയൊക്കെയാണ് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ വൈക്കം, കുമ്പളങ്ങി തുടങ്ങിയ ടൂറിസം ഗ്രാമങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.