പെര്‍ത് ടെസ്റ്റില്‍ ഓസ്ട്രേലിയ പൊരുതുന്നു; ആദ്യദിനം 277/6

single-img
14 December 2018

പെര്‍ത്തിലെ ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നില മെച്ചപ്പെടുത്തി ഓസ്‌ട്രേലിയ. ആദ്യദിനം സ്റ്റംപ് എടുക്കുമ്പോള്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. ആതിഥേയര്‍ക്ക് ലഭിച്ച മികച്ച തുടക്കം വേണ്ട രീതിയില്‍ മുതലാക്കാന്‍ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഒന്നാം ദിവസം മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ ഓസീസിന് സാധിക്കുമായിരുന്നു.

70 റണ്‍സെടുത്ത മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഇശാന്ത് ശര്‍മ, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (16), പാറ്റ് കമ്മിന്‍സ് (11) എന്നിവരാണ് ക്രീസില്‍.

മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ഹാരിസ്- ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഞൊടിയിടയില്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്.

പിന്നാലെ എത്തിയ ഉസ്മാന്‍ ഖവാജയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 38 പന്ത് നേരിട്ട താരം നേടിയത് വെറും അഞ്ച് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്.

ഹാന്‍ഡ്‌സ്‌കോംപി (7)നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ മടക്കി അയച്ചു. ഇശാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്തിന്റെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് ഷോണ്‍ മാര്‍ഷും (48) ട്രാവിസ് ഹെഡു (58)മാണ് ഓസീസിനെ മാന്യമായ ടോട്ടലിലേക്ക് നയിച്ചത്.

84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്ലിപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ആദ്യദിനം അവസാനിക്കുന്നതിന് മുന്‍പ് ട്രാവിസ് ഹെഡിനെ (58) മടക്കി അയച്ചു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പകരക്കാരയാണ് ഇരുവും ടീമിലെത്തിയത്. പെര്‍ത്തില്‍ പേസ് ബൗളര്‍മാരെ അനുകൂലിക്കുന്ന പിച്ച് ആയതിനാലാണ് ഉമേഷ് യാദവിനെ കൂടി ടിമില്‍ ഉള്‍പ്പെടുത്തിയത്. ജഡേജ ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.