തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച കേസില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
14 December 2018

ട്രാഫിക് പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളായ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

അഖില്‍, ഹൈദര്‍, ആരോമല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് വച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചത്.

ട്രാഫിക് നിയമം ലംഘിച്ച് ‘യു’ടേണ്‍ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരന്‍ അമല്‍കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസുകാരനുമായി തര്‍ക്കിച്ച യുവാവ് യൂണിഫോമില്‍ പിടിച്ച് തള്ളി.

ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന്‍ ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പാഞ്ഞെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.