റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

single-img
14 December 2018

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന്‌ സുപ്രീംകോടതി. റഫാല്‍ വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ഇടപെടില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാടിലും കരാറിലും സംശയമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി. 

വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല.  അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി,  ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം നേരിട്ട കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ വിധി.

റഫാല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായതോടെയാണ് സംഭവത്തില്‍ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തെത്തിയത്. റഫാല്‍ ഇടപാടിനെക്കുറിച്ച് കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അഭിഭാഷകരായ എം.എല്‍. ശര്‍മ്മ, വിനീത ഡാന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 

എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അന്വേഷിക്കുകയുണ്ടായി. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒാഫ് സെറ്റ് കരാറിന്‍റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്.