ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍; നേതാക്കള്‍ക്ക് തെറി അഭിഷേകം

single-img
14 December 2018

സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ അറിയാതെ യാത്ര തുടങ്ങിയ നിരവധി പേര്‍ വലഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാവിലെ ട്രെയിനില്‍ വന്നിറങ്ങിയവര്‍ തമ്പാനൂരില്‍ കുടുങ്ങി. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരത്ത് തമ്പാനൂരില്‍ പോലീസ് ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ ജനങ്ങളെ അതാത് സ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും പതിവുപോലെ നിരത്തിലുണ്ട്. കൊച്ചി നഗരത്തിലും വടക്കന്‍ ജില്ലകളിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. 

വാഹനങ്ങള്‍ തടയുകയോ നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉടന്‍തന്നെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഓഫീസുകളും  മറ്റും സുഗമമായി പ്രവര്‍ത്തിക്കാനുള്ള നടപടികളെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹർത്താൽ പ്രഖ്യാപിച്ചു കൊണ്ടുള്ള ബി.ജെ.പി ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കൂട്ടം ചേര്‍ന്നുള്ള ‘പൊങ്കാല’യാണ് നടക്കുന്നത്.മോഹൻലാൽ ചിത്രം ‘ഒടിയന്റെ’ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് മോഹന്‍ലാൽ ഫാൻസിനെയും രോഷാകുലരാക്കിയിരിക്കുകയാണ്.