ഇനി ഇ-സ്‌കൂട്ടര്‍ ഓടിക്കാനും ലൈസന്‍സ് നിര്‍ബന്ധം

single-img
14 December 2018

കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ടിവരും. രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന.

എന്‍ജിന്‍ ശേഷി 50 സി.സി. വരെയുള്ള മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കാന്‍ 16-18 വയസ്സിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അത്തരം ശേഷിയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലില്ല. നിലവില്‍ പതിനെട്ടിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല.

എന്നാല്‍ പതിനാറുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവര്‍ക്ക് ലൈസന്‍സ് വേണം. ഇവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കൂ. പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല.

ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇ-സ്‌കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇ-സ്‌കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാകുക.