ബി.ജെ.പി നേതാവിന് എന്ത് ഹര്‍ത്താല്‍: ഹര്‍ത്താലില്‍ ജനങ്ങള്‍ വലയുമ്പോള്‍ കാറില്‍ ‘ചുറ്റിയടിച്ച്’ എഎന്‍ രാധാകൃഷ്ണന്‍

single-img
14 December 2018

അനാവശ്യ ഹര്‍ത്താലുകളുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുമ്പോള്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാക്കള്‍. ജേഷ്ഠന്റെ മകളുടെ കല്യാണത്തിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എത്തിയതും മടങ്ങിയതും സ്വന്തം കാറിലാണ്. പേട്ട ശ്രീപൂര്‍ണ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ന്യൂസ് 18 നാണു ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

ഇന്നത്തെ ഹര്‍ത്താലില്‍ ആശുപത്രിയിലേക്ക് പോകുന്നവര്‍പോലും വാഹനം കിട്ടാതെ ദുരിതത്തിലായിരുന്നു. ശബരിമല തീര്‍ത്ഥാടകരേയും ഹര്‍ത്താല്‍ ബാധിച്ചു. സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതോടെ കെഎസ്ആര്‍ടിസിയും ബസ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായത്.

ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിനുശേഷം ബിജെപി നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണ് ഇന്ന് നടന്നത്. ഇതില്‍ ഭൂരിഭാഗം ഹര്‍ത്താലുകളും അനാവശ്യമായിരുന്നുവെന്ന് വിവാദങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നതാണ്.

ശബരിമല വിഷയത്തിലെ ആദ്യ ഹര്‍ത്താല്‍ നടത്തുന്നത് ഒക്ള്‍ടോബര്‍ ഏഴിനാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലുണ്ടായ പോലീസ് നടപടിയെത്തുടര്‍ന്ന് എട്ടിന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിനു തലേന്ന് നിലയ്ക്കലുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18-ന് സംസ്ഥാനതല ഹര്‍ത്താല്‍ നടന്നു. ശബരിമല ദര്‍ശനത്തിനു പോയ അയ്യപ്പ ഭക്തന്റെ മരണത്തില്‍ പ്രതിഷേധിച്ചായിരുന്നു അടുത്ത ഹര്‍ത്താല്‍. പന്തളം സ്വദേശി ശിവദാസന്റെ മൃതദേഹം വനത്തില്‍ കാണപ്പെടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശബരിമല യാത്രയ്ക്കിടെ മരക്കൂട്ടത്ത് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 17-ന് സംസ്ഥാനതല ഹര്‍ത്താല്‍ നടത്തി. ബി.ജെ.പി.യുടെ തിരുവനന്തപുരം സമരവേദിക്കുസമീപം പ്രകടനം നടത്തിയവരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലും ഹര്‍ത്താല്‍ നടത്തി.