ആത്മഹത്യ ജീവിതം മടുത്തതിനാല്‍: വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

single-img
13 December 2018

ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയിൽ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ‌ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി.

അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലാണ്.  ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍  ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.

എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ട് നാലോടെയാണു മരിച്ചത്. വേണുഗോപാലൻ നായര്‍ അയ്യപ്പഭക്തനാണെന്നു സഹോദരങ്ങള്‍ പറഞ്ഞു. പതിവായി ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്ന് ഇത്തവണ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോടു പറഞ്ഞു.