ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു

single-img
13 December 2018

സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപ്പന്തലിനു മുമ്പില്‍ തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) പെട്രോളൊഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപ്പന്തലിനു തൊട്ടുമുമ്പിലായിരുന്നു സംഭവം

പുലര്‍ച്ചെ രണ്ടു മണിയോടെ സമരപന്തലിന്റെ എതിര്‍ ഭാഗത്തു റോഡരികില്‍നിന്നു ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കത്തിച്ചു സമരപന്തലിനു സമീപത്തേക്ക് ഓടി വരികയായിരുന്നു. പൊലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നു തീയണച്ച് അശുപത്രിയില്‍ എത്തിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വച്ചിരുന്ന വെള്ളമുപയോഗിച്ചാണു തീ കെടുത്തിയത്. വേണുഗോപാലന്‍ നായര്‍ ബിജെപി അനുഭാവിയാണെന്നു പൊലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയത്. വേണുഗോപാലന്‍ നായര്‍ക്ക് ശബരിമല സ്ത്രീ പ്രവേശത്തില്‍ ദു:ഖമുണ്ടായിരുന്നു. സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ ബിനു പറഞ്ഞിരുന്നു.