പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം അവസാനിപ്പിച്ചു; സത്യാഗ്രഹം വിജയമെന്ന് ചെന്നിത്തല: നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

single-img
13 December 2018

തിരുവനന്തപുരം: നിയമസഭയില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ 11 ദിവസമായി നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നവരുടെ സമരമാണ് സഭ പിരിഞ്ഞതിനെ തുടര്‍ന്ന് അവസാനിപ്പിച്ചത്.

സഭ ബഹിഷ്‌കരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്കൊപ്പം നിയമസഭയിലെ ഗാന്ധി പ്രതിമയുടെ മുന്നിലെത്തിയ ശേഷം എംഎല്‍എമാര്‍ സമരം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. സാമാജികരുടെ സമരം വിജയമാണെന്നും എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമരം ചെയ്ത പ്രതിപക്ഷ അംഗങ്ങളുമായി ഒരിക്കല്‍ പോലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാതിരുന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇതിനെല്ലാം കാരണം. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്.

നിയമസഭാ സമ്മേളനം അവസാനിച്ചാലും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ യുഡിഎഫ് സമരരംഗത്തുണ്ടാകുമെന്നും ഭാവി കാര്യങ്ങള്‍ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗം തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ശബരിമല പ്രതിഷേധങ്ങള്‍ മാത്രം അരങ്ങേറിയ നിയമസഭാ സമ്മേളനം അവസാനിച്ചു. സമ്മേളനം പൂര്‍ത്തിയാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ശബരിമലയിലെ നിരോധനാജ്ഞയുടെ പേരില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധമായിരുന്നു ഈ സമ്മേളന കാലയളവിലെ ശ്രദ്ധാകേന്ദ്രം. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിന്റെ തുടക്കം മുതല്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.