നിയമസഭയില്‍ എംഎല്‍എമാര്‍ ഏറ്റുമുട്ടി; ഇന്ന് സഭ നിര്‍ത്തിവച്ചത് ഭരണപക്ഷ ബഹളം കാരണം; നാണംകെടുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് സ്പീക്കര്‍

single-img
13 December 2018

വനിതാമതിലിനെ ചൊല്ലിയുള്ള ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളി. പി.കെ. ബഷീറും വി. ജോയിയുമാണ് ഏറ്റുമുട്ടിയത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു. പ്രതിപക്ഷാംഗങ്ങള്‍ ഹാളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ചു. സി.പി.സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വര്‍ഗീയമതിലാണെന്ന എം.കെ.മുനീറിന്റെ പരാമര്‍ശമാണ് ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഉന്തും തള്ളിലും കലാശിച്ചത്. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് മുനീര്‍ വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം നടത്തിയത്.

ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ് പ്രതിഷേധം തുടങ്ങി. പിന്നാലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ടു പുറത്തുപോകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ഭരണപക്ഷ അംഗങ്ങള്‍ എത്തിയതോടെയാണ് ഉന്തും തള്ളുമായത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നിയമസഭയുടെ ചരിത്രത്തിലുണ്ടാകാത്ത രീതിയിലുള്ള പ്രതികരണങ്ങളാണ് ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സഭയ്ക്ക് നാണക്കേടുണ്ടാക്കരുതെന്ന് സ്പീക്കറും അംഗങ്ങളെ ഓര്‍മിപ്പിച്ചു. തുല്യനീതിക്ക് വേണ്ടിയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അന്തസ് ഉയര്‍ത്താനുമാണ് വനിതാ മതില്‍ എന്ന ആശയം മുന്നോട്ടുവച്ചത്.

നവോത്ഥാനത്തിലൂടെയാണ് കേരളത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തില്‍ സത്യാഗ്രഹം നടത്തുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാവിലെ ചോദ്യോത്തരവേള ബഹിഷ്‌കരിച്ചിരുന്നു.