ചരിത്രത്തില്‍ ബിരുദമെടുത്തയാള്‍ റിസര്‍വ് ബാങ്കിനെ ചരിത്രമാക്കുമോ?: ശക്തികാന്ത ദാസിന്റെ നിയമനത്തില്‍ മോദിസര്‍ക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ്

single-img
13 December 2018

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ പ്രതിഷേധം പരസ്യമാക്കി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്. സാമ്പത്തിക ശാസ്ത്ര പശ്ചാത്തലമില്ലാത്ത ആളാണ് ആര്‍ബിഐ തലപ്പത്ത് എത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് ജയ നാരായണ വ്യാസ് വിമര്‍ശിച്ചു. ചരിത്രബിരുദധാരിയായ ഗവര്‍ണറോട് സഹതാപം തോന്നുവെന്നും വ്യാസ് പരിഹസിച്ചു.

‘പുതിയ ആര്‍ബിഐ ഗവര്‍ണറുടെ വിദ്യാഭ്യാസ യോഗ്യത എംഎ ഹിസ്റ്ററിയാണ്. ആര്‍ബിഐയെയും അദ്ദേഹം ചരിത്രം ആക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പുതിയ അവതാരത്തിന് ആശംസകള്‍’, എന്നാണ് ജയ്‌നാരായണ്‍ വ്യാസ് ട്വിറ്ററില്‍ കുറിച്ചത്.

ഊര്‍ജിത് പട്ടേലിന്റെ രാജിയെത്തുടര്‍ന്നാണ് ശക്തികാന്ത ദാസ് പുതിയ ഗവര്‍ണറാകുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് വരെ നേടിയിട്ടുള്ള രഘുറാം രാജനെയും ഊര്‍ജിത് പട്ടേലിനെയും പോലുള്ളവര്‍ ഇരുന്ന സീറ്റിലേക്കാണ് ശക്തികാന്ത ദാസിനെപ്പോലുള്ളവര്‍ വരുന്നതെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഐഐഎം ബെംഗളൂരുവില്‍ നിന്ന് പ്രത്യേക ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് കോഴ്‌സ് ഇദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ജെയ്റ്റ്‌ലി ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചത്. 1980 തമിഴ്‌നാട് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശക്തി കാന്ത ദാസ്. റവന്യൂ വകുപ്പിലായിരുന്ന ശക്തികാന്ത ദാസിനെ 2015ലാണ് ധനകാര്യ വകുപ്പിലേക്ക് മോദി കൊണ്ടുവരുന്നത്.

ശക്തികാന്ത ദാസിനെ നിയച്ചത് തെറ്റാണെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും വിമര്‍ശിച്ചിരുന്നു. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി, ശക്തികാന്ത ദാസിനെതിരെ രംഗത്ത് വന്നത്. നിയമനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം നടത്തിയ അഴിമതി ഇടപാടുകളില്‍ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ പങ്കാളിയാണെന്നുള്ള ഗുരുതര ആരോപണമാണ് ഇതില്‍ പ്രധാനം.

അഴിമതി കേസുകളില്‍ നിന്ന് ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ഇടപ്പെട്ടുവെന്നും സ്വാമി പറഞ്ഞു. നേരത്തെ, ഉര്‍ജിത് പട്ടേല്‍ ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രാജി ഗുണകരമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.