നിയമസഭ പ്രക്ഷുബ്ധമായാലും പിരിഞ്ഞാലും എംഎല്‍എമാര്‍ക്ക് കുഴപ്പമില്ല; അലവന്‍സ് കൃത്യമായി കിട്ടണം; 13 ദിവസത്തെ കാലയളവില്‍ നിയമസഭ തടസമില്ലാതെ പ്രവര്‍ത്തിച്ചത് വെറും രണ്ടു ദിവസം മാത്രം; നഷ്ടം 1.95 കോടി

single-img
13 December 2018

ശബരിമല പ്രതിഷേധങ്ങള്‍ മാത്രം അരങ്ങേറിയ പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം അവസാനിച്ചു. സമ്മേളനം പൂര്‍ത്തിയാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. നവംബര്‍ മാസം 27 ന് ആരംഭിച്ച സഭ, 13 ദിവസത്തെ സമ്മേളന കാലയളവില്‍ തടസമില്ലാതെ പ്രവര്‍ത്തിച്ചത് രണ്ടു ദിവസം മാത്രം.

ശബരിമലയിലെ നിരോധനാജ്ഞയുടെ പേരില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധമായിരുന്നു ഈ സമ്മേളന കാലയളവിലെ ശ്രദ്ധാകേന്ദ്രം. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിന്റെ തുടക്കം മുതല്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

സമ്മേളനത്തില്‍ ആദ്യദിനം തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയമായി വിഷയം സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ മൂന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ കവാടത്തില്‍ നിരാഹാരം തുടങ്ങി. സമരം അവസാനിപ്പിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കാതിരുന്നതോടെ പ്രതിപക്ഷം സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തി.

സ്പീക്കറുടെ നിലപാടിനെയും പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിനിടെ ശബരിമല വിഷയത്തിന്റെ പേരില്‍ ബിജെപിക്കൊപ്പം പി.സി.ജോര്‍ജും ചേര്‍ന്നതും ഈ സഭാ സമ്മേളന കാലത്ത് ശ്രദ്ധേയ നീക്കമായി.

ഇതിനെല്ലാം പുറമേയാണ് സമ്മേളനത്തിന്റെ അവസാന ദിനം വര്‍ഗീയ മതില്‍ എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ കൈയാങ്കളി നടത്തിയത്. നിയമസഭ ഒരു ദിവസം സമ്മേളിക്കുന്നതിന് 15 ലക്ഷം മുതല്‍ 21 ലക്ഷംവരെ ചെലവു വരുമെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ കണക്ക്. വൈദ്യുതി നിരക്കും സുരക്ഷാ മുന്നൊരുക്കങ്ങളുമെല്ലാം ഇതില്‍പെടും.

ഇതനുസരിച്ച് ഈ സഭാസമ്മേളനത്തില്‍ ശരാശരി 1.95 കോടിരൂപ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് പാഴായി. ഔദ്യോഗിക കണക്കുകളനുസരിച്ച് കൂടുതല്‍ കാലം സഭ സമ്മേളിക്കുന്നതിന്റെ റെക്കോര്‍ഡ് കേരള നിയമസഭയ്ക്കാണ്. 59 ദിവസമാണ് ഈ വര്‍ഷം സഭ സമ്മേളിച്ചത്.

സഭ നേരത്തെ പിരിഞ്ഞാലും സഭാ റജിസ്റ്ററില്‍ ഒപ്പിട്ടാല്‍ എംഎല്‍എമാര്‍ക്ക് ആനുകൂല്യം ലഭിക്കും. സഭ സമ്മേളിക്കുമ്പോള്‍ 1,000 രൂപയാണ് അലവന്‍സ്. ഇതിനു പുറമേ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 10 രൂപ നിരക്കില്‍ വാഹന അലവന്‍സുണ്ട്. സഭയില്‍ പങ്കെടുക്കുന്നതിന് 140 എംഎല്‍എമാര്‍ക്ക് ഒരു ദിവസം നല്‍കുന്ന അലവന്‍സ് 1,40,000 രൂപയാണ്.

ഈ സമ്മേളനകാലത്തെ മൊത്തം അലവന്‍സ് 18,20,000 രൂപ. എംഎല്‍എമാര്‍ക്ക് ശമ്പളമായി മാസം ലഭിക്കുന്നത് 70,000 രൂപ. അലവന്‍സുകളുടെ രൂപത്തിലാണ് ഈ തുക ലഭിക്കുന്നത്. മിനിമം യാത്രാബത്ത 20,000 രൂപ (മണ്ഡലങ്ങളനുസരിച്ച് ഇതില്‍ വ്യത്യാസം വരും). ഫിക്‌സ്ഡ് അലവന്‍സ് 2,000 രൂപ. മണ്ഡല അലവന്‍സ് 25,000 രൂപ. ടെലിഫോണ്‍ അലവന്‍സ് 11,000 രൂപ. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ. മറ്റ് അലവന്‍സുകള്‍ 8,000 രൂപ. ഇതിനുപുറമേ ചികില്‍സാ ആനുകൂല്യങ്ങളും ലഭിക്കും.