കെ.എം. ഷാജിയെ അയോഗ്യനാക്കിയ കേസില്‍ വഴിത്തിരിവ്; വര്‍ഗീയപരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് നേതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതല്ല; വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ്

single-img
13 December 2018

അഴീക്കോട് എംഎല്‍എ കെഎം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖ പോലീസ് കണ്ടെടുത്തതല്ല സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം. ഇത് സംബന്ധിച്ച് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍.പി മനോരമയുടെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന് എസ്.ഐ ശ്രീജിത് കൊടേരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എസ്.ഐ ഹാജരാക്കിയ മഹസറില്‍ ഈ ലഘുലേഖ ഉണ്ടായിരുന്നില്ലെന്ന് കെ.എം ഷാജി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. അബ്ദുല്‍ നാസറാണ് ലഘുലേഖ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുല്‍ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുലേഖ സ്‌റ്റേഷനിലെത്തിച്ചത് അബ്ദുല്‍ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

മനോരമയുടെ വീട്ടില്‍ നിന്ന് ലഘുലേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നല്‍കിയ എസ്.ഐ. ശ്രീജിത് കൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹരജിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്.ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

നേരത്തെ, അഴീക്കോട് മണ്ഡലത്തില്‍ നിന്നു മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതത്തിന്റെ പേരില്‍ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനാണു നടപടി.

വിധി നടപ്പാക്കല്‍ ഇതേ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ അപ്പീലിന് അവസരം നല്‍കാനാണിത്. എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ എം.വി.നികേഷ്‌കുമാറിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മല്‍സരങ്ങളിലൊന്നായിരുന്നു ഷാജി–നികേഷ് പോരാട്ടം. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.

തെളിവുകള്‍ മൊത്തത്തില്‍ പരിഗണിച്ചാല്‍, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്‌തെന്നും മുസ്‌ലിം അല്ലാത്തവര്‍ക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തിയിരുന്നു.