ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ ഇഷ-ആനന്ദ് വിവാഹം; ആശംസകളുമായി വിവിഐപികള്‍; ചിത്രങ്ങള്‍

single-img
13 December 2018

രാജ്യം കാത്തിരുന്ന ആഢംബര കല്ല്യാണത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും വിവാഹം മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലയില്‍ നടന്നു. വിവിഐപികളുടെ നീണ്ട നിരയാണ് നവദമ്പതികള്‍ക്ക് ആശംസകളേകാന്‍ എത്തിയത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, നടന്‍ അമിതാഭ് ബച്ചനും കുടുംബവും, മകനും നടനുമായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും, ആമിര്‍ഖാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക് ജോനാസ്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ തുടങ്ങി ബോളിവുഡ്– ക്രിക്കറ്റ് രംഗത്തെ പ്രമുഖരെല്ലാവരുമെത്തി.

ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രമുഖരാണു പിരമല്‍ ഗ്രൂപ്പ്. നാലു ദശാബ്ദത്തോളമായി അംബാനിപിരമല്‍ കുടുംബാംഗങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. സെപ്റ്റംബറില്‍ ഇറ്റലിയിലായിരുന്നു വിവാഹ നിശ്ചയം. രാജസ്ഥാനിലെ ഉദയ്പുരില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തിയ ചടങ്ങുകള്‍ക്കു ശേഷമാണ് ഇന്നലെ വിവാഹം.

നാളെ വൈകിട്ട് ബാന്ദ്രകുര്‍ള കോംപ്ലക്‌സിലെ ജിയോ ഗാര്‍ഡനിലാണു വിവാഹ വിരുന്ന്. ഒരാഴ്ചയോളം വാര്‍ത്തകളില്‍ നിറഞ്ഞ ഒട്ടേറെ കൗതുകങ്ങള്‍ കാഴ്ചവച്ചാണ് രാജകീയ വിവാഹം നടന്നത്. വിവാഹത്തിന്റെ ചെലവ് 100 മില്യന്‍ ഡോളര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ 720 കോടി.

ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരില്‍ ഒരാളായ ബിയോണ്‍സയുടെ പാട്ടുകള്‍ ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. നാല് മില്യണ്‍ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ ബയേണ്‍സയുടെ പ്രതിഫലം. അതായത് ഇന്ത്യന്‍ കറന്‍സി 28 കോടിയോളം രൂപ.

ടൈം മാഗസിന്റെ റിപ്പോര്‍ട്ടു പ്രകാരം മൂന്ന് മില്യണ്‍ ഡോളറാണ് ബയേണ്‍സയുടെ പ്രതിഫലം. അതേസമയം, നാലുമില്യണാണു പ്രതിഫലമെന്നാണു ബയേണ്‍സയുടെ ആരാധകരും അടുത്തവൃത്തങ്ങളും പറയുന്നത്. 2017ലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികയാണ് ബയേണ്‍സ. 105 മില്യണ്‍ ഡോളറാണ് സമ്പാദ്യം.