സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ

single-img
13 December 2018

തിരുവനന്തപുരം ∙ ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.