ആകാംക്ഷകള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രി: തെലങ്കാന മുഖ്യമന്ത്രിയായി കെ.സി.ആര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

single-img
13 December 2018

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഗെലോട്ട് രാജസ്ഥാനിലേക്കു തിരിച്ചു. മൂന്ന് മുഖ്യമന്ത്രിമാരേയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ഗാന്ധി രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനായി എംഎല്‍എമാരുടേയും പ്രവര്‍ത്തകരുടേയും അഭിപ്രായം തേടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഇന്നുതന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് രാജസ്ഥാനിലെ ഹൈക്കമാന്റ് നിരീക്ഷകനായ കെ.സി വേണുഗോപാലും ആവര്‍ത്തിച്ചു.

അതിനിടെ, തെലങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്. തെലങ്കാന ഭവനില്‍ നടന്ന പുതിയ എം.എല്‍.എ. മാരുടെ യോഗത്തില്‍ കെ.സി.ആറിനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 88 എണ്ണം സ്വന്തമാക്കി മികച്ചവിജയം നേടാനായതിന്റെ ആവേശത്തിലാണ് ടി.ആര്‍.എസ്. ക്യാമ്പ്.