‘ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്ന’ മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍; കൂടുതല്‍ തദ്ദേശവകുപ്പില്‍

single-img
13 December 2018

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമെന്നും അതു വേഗത്തില്‍ തീര്‍പ്പാക്കണമെന്നും നിര്‍ദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനു കീഴിലും സെക്രട്ടേറിയറ്റിലെ ഫയലുകള്‍ക്കു രക്ഷയില്ല. 2018 ഒക്ടോബര്‍ 31 വരെ സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത് 1,54,781 ഫയലുകള്‍. നിയമസഭയില്‍ കെ.എസ്. ശബരീനാഥന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതാണ് ഈ കണക്ക്. ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ റെക്കാഡ് തദ്ദേശസ്വയംഭരണ വകുപ്പിലാണ്, 33705 ഫയലുകള്‍.

മറ്റു വകുപ്പുകളും ഫയലുകളും

റവന്യൂ 14,264
ആഭ്യന്തരം 12,620
പൊതുവിദ്യാഭ്യാസം 10,214
ആരോഗ്യ കുടുംബക്ഷേമം 7055
ജലവിഭവം 5212
നികുതി 5076
വ്യവസായം 4750
പൊതുഭരണം 4522
പൊതുമരാമത്ത് 4023
ധനകാര്യം 3691
സഹകരണം 3628
വനംവന്യജീവി 3562
ഉന്നത വിദ്യാഭ്യാസം 3436
സാംസ്‌കാരികം 1642
പിന്നാക്ക സമുദായവികസനം 944
തീരദേശ കപ്പല്‍ഗതാഗതം,
ഉള്‍നാടന്‍ ജലഗതാഗതം 147

ആധുനിക സാങ്കേതിക വിദ്യയായ ഇ ഓഫിസ് സംവിധാനത്തിലൂടെ ഫയല്‍ നീക്കത്തിന് വേഗത കൂട്ടി വരുന്നതായും കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ഫയലുകളില്‍ തീരുമാനമുണ്ടാക്കാന്‍ സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലെ വ്യവസ്ഥകളും വിവിധ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിലവിലുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്തിനായി പ്രത്യേകം നീക്കിവയ്ക്കാനും പഞ്ചദിന ചട്ടം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.