ബി.ജെ.പി. സമരപന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

single-img
13 December 2018

സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ ആള്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മുട്ടട സ്വദേശി വേണുഗോപാലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. പുലര്‍ച്ചെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു.  ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വേണുഗോപാൽ അയ്യപ്പ ഭക്തനാണെന്നും സർക്കാരിന്റെ ശബരിമല വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് വേണുഗോപാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബി.ജെ.പി ആരോപിച്ചു.