ബി.ജെ.പിക്ക് 70ലധികം ലോക്‌സഭ സീറ്റുകള്‍ നഷ്ടമായേക്കും

single-img
13 December 2018

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിന്റെ നിറം മാറ്റിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കൂടുതല്‍ തുറുപ്പുചീട്ടുകള്‍ പുറത്തെടുക്കേണ്ടിവരുമെന്ന് തെളിയിക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലം.

ജമ്മു കശ്മീര്‍ മുതല്‍ ഹിന്ദി ഹൃദയ ഭൂമി വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 273 ലോക്‌സഭ സീറ്റുകളാണ് ഉള്ളത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ ഹിന്ദി ബെല്‍റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ബിജെപി നേടിത് 226 ലോക്‌സഭാ സീറ്റുകളാണ്.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ സംസ്ഥാനങ്ങളിലെ വന്‍വിജയമാണ്. ഹിന്ദി മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപിയെ കാത്തിരിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്.

2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കൈകോര്‍ത്താല്‍ 32 മുതല്‍ 62 വരെ സീറ്റുകള്‍ വരെ ബിജെപിക്ക് നഷ്ടപ്പെടാനാണ് സാധ്യത. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി വന്‍ മുന്നേറ്റം കാഴ്ചവെച്ചിരുന്നു.

എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശില്‍ 11, രാജസ്ഥാന്‍ 13, ഛത്തീസ്ഗഢ് 9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വര്‍ധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ നഷ്ടം നികത്താന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടേണ്ടത് ബിജെപിക്ക് അത്യാവശ്യമാണ്. കൂടാതെ തെലങ്കാനയില്‍ ടി.ആര്‍.എസിനെ സഖ്യത്തിലേക്ക് കൂട്ടേണ്ടിയും വരും. എന്നാല്‍ ഇതിനൊക്കെ അമിത് ഷാ മോദി കൂട്ടുകെട്ടിനും സംഘപരിവാറിനും കഠിന പരിശ്രമം തന്നെ വേണ്ടിവരും.