ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ അളവില്‍ കുറവുണ്ടോ?; എങ്കില്‍ സൂക്ഷിച്ചോളൂ… ചിലപ്പോള്‍ ഡെലിവെറി ബോയ് കഴിച്ചതാകും: വീഡിയോ

single-img
12 December 2018

ഒരൊറ്റ ക്ലിക് മതി ഇഷ്ടഭക്ഷണം തീന്‍മേശയില്‍ എത്താന്‍… പ്രായഭേദമെന്യേ ഇന്ന് ഏറ്റെടുത്ത ഒരു ഭക്ഷണസംസ്‌കാരമാണിത്. ഇക്കൂട്ടരെ പ്രീതിപ്പെടുത്തുന്നതിനായി ഒട്ടനവധി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളും രംഗത്തുണ്ട്. അടുക്കളയില്‍നിന്ന് ഹോട്ടല്‍ സംസ്‌കാരത്തിലേക്കാണ് ആദ്യം മലയാളികള്‍ ചേക്കേറിയത്.

മാസത്തിലൊരിക്കല്‍ കുടുംബവുമൊന്നിച്ച് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശൈലി പിന്നീട് ‘വീക്കെന്‍ഡ് ഔട്ടിങ്’ എന്ന ചെല്ലപ്പേരിട്ട് ആഴ്ചയിലൊരിക്കലായി. കാലക്രമേണ ഹോം ഡെലിവറി രീതി ഹോട്ടലുകളും സ്വീകരിച്ചുപോന്നു. പഴയകാലത്തെ പാഴ്‌സല്‍ സിസ്റ്റത്തെയാണ് ഇന്ന് ഈ ഓണ്‍ലൈന്‍ ഭക്ഷണസംസ്‌കാരം മാറ്റിമറിച്ചത്.

ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത് രുചികരമായ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്നവര്‍ ജാഗ്രത കാണിച്ചേ മതിയാകൂ എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം മധുരയിലാണ് സംഭവം. പ്രമുഖ ഭക്ഷണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളി വഴിയരികില്‍ വണ്ടി നിര്‍ത്തിയ ശേഷം ആരോ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നു വച്ച് കഴിച്ചു.

ഓരോ പൊതിയില്‍ നിന്നും അല്‍പം കഴിച്ചു കഴിഞ്ഞ ശേഷം വൃത്തിയായി പൊതിഞ്ഞ് തിരികെ ബാഗിലേക്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ബോളിവുഡ് നടി നമ്രത ശിരോധ്കര്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ജനങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ സൊമാറ്റോ ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണ പ്രേമിയായ തൊഴിലാളിയെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായും സൊമാറ്റോ അറിയിച്ചു.