നിങ്ങള്‍ പപ്പു എന്ന് വിളിച്ചയാള്‍ ഇന്ന് ആദരണീയനായി; ബിജെപിയെ വിമര്‍ശിച്ച് രാജ് താക്കറെ

single-img
12 December 2018

മുംബൈ: എതിരാളികള്‍ പപ്പു എന്ന് വിളിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പരംപൂജനീയന്‍ ആയെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം രാഹുലിന്റെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും മികച്ച നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കര്‍ണാടകയിലും ഒറ്റയ്ക്കായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ പപ്പൂ പൂജനീയനായി. അദ്ദേഹത്തിന്റെ നേതൃസ്ഥാനം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും, അതാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്, രാജ് താക്കറെ പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെയും രാജ് താക്കറെ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പെരുമാറ്റം കാരണമാണ് പതനമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംഭവിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷക്കാലം മോദിയും അമിത് ഷായും അത്തരത്തിലാണ് പെരുമാറിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അത് വ്യക്തമായി. എല്ലാ മേഖലകളിലും അവര്‍ പരാജയപ്പെട്ടു. ഒന്നും അവകാശപ്പെടാനില്ല. അതുകൊണ്ടാണ് അവര്‍ രാമക്ഷേത്ര കാര്‍ഡ് ഇറക്കി കളിക്കുന്നത്. പക്ഷെ ജനങ്ങള്‍ കുറച്ച് കൂടി സമര്‍ത്ഥരാണ്- രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.