പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍ നോട്ട് നിരോധനത്തിന് മേല്‍നോട്ടം വഹിച്ചയാള്‍; ശക്തികാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

single-img
12 December 2018

റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത് ദാസ് ചുമതലയേറ്റു. മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും നിലവിലെ 15മത് ധനകാര്യ കമ്മീഷന്‍ അംഗവുമാണ് ശക്തികാന്ത ദാസ്. കേന്ദ്രസര്‍ക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നിയമനം.

നോട്ട് നിരോധനത്തെ ന്യായീകരിച്ചു കൊണ്ട്, സര്‍ക്കാരിന്റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് സാമ്പത്തിക കാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ശക്തികാന്ത ആയിരുന്നു. ആര്‍ ബി ഐയുടെ ഇരുപത്തഞ്ചാം ഗവര്‍ണറായി നിയമിതനായതിനു പിന്നാലെ നോട്ട് നിരോധനത്തെ കുറിച്ചുള്ള ശക്തികാന്തയുടെ വാര്‍ത്താസമ്മേളനങ്ങളും ട്വീറ്റുകളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി ‘കുത്തിപ്പൊക്കലിനു’ വിധേയമായിരിക്കുകയാണ്.

അവയില്‍ പലതും അത്ര സുഖകരമല്ലെന്നുള്ളതാണ് വസ്തുത. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ നീണ്ട വരികള്‍ക്കു കാരണം ഒരേ ആളുകള്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും വരുന്നതാണെന്ന ശക്തികാന്തയുടെ അന്നത്തെ പ്രസ്താവനയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്.

ശക്തികാന്തയുടെ വിദ്യാഭ്യാസ പശ്ചാത്തലവും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രഘുറാം രാജന്‍, ഊര്‍ജിത് പട്ടല്‍ തുടങ്ങി മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍മാരെപ്പോലെ ശക്തികാന്ത ദാസിന് ബിസിനസിലോ സാമ്പത്തികശാസ്ത്രത്തിലോ ബിരുദമില്ലെന്നതാണ് ഈ ചര്‍ച്ചകളുടെ കാരണം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമാണ് ശക്തികാന്ത ദാസിന്റെ യോഗ്യതെയെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു.

അതിനിടെ, ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയായ ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

‘പല അഴിമതിക്കേസുകളിലും ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലെന്നും’ സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.