ഇന്നും സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് ചെന്നിത്തല

single-img
12 December 2018

എം.എല്‍.എമാരുടെ സത്യഗ്രഹസമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പൂര്‍ണമായും പിന്‍ലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസാമാജികര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

ചോദ്യത്തോരവേള ആരംഭിച്ചതോടെ മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെത്തി. പ്രതിഷേധത്തിനിടെ ചില അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ചു. ഒരേവിഷയത്തില്‍ തുടര്‍ച്ചയായി സഭാനടപടികള്‍ തടസപ്പെടുത്തുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് സ്പീക്കര്‍ ആരോപിച്ചു.

തുടര്‍ന്ന് സഭതുടങ്ങി മുപ്പത്തിനാലാം മിനിറ്റില്‍ ചോദ്യോത്തരവേളയും ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും റദ്ദാക്കുന്നതായി സ്പിക്കര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ധനവിനിയോഗബില്ലും, മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്ലും ചരക്ക് സേവന നികുതി ഭേദഗതി ബില്ലും വേഗത്തില്‍ പാസാക്കിയാണ് സഭ ഇന്നു പിരിഞ്ഞത്. നാളെ സമ്മേളനം അവസാനിക്കുകയും നിയമസഭ അനിശ്ചതകാലത്തേക്ക് പിരിയുകയും ചെയ്യും.