2019ല്‍ മോദി പ്രധാനമന്ത്രിയാവുന്നതു തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് അസദുദ്ദീന്‍ ഉവൈസി

single-img
12 December 2018

2019ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും മോദി പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് തങ്ങളുടെയെല്ലാവരുടേയും ലക്ഷ്യമാണ്. അതിനായി കോണ്‍ഗ്രസിതര, ബി.ജെ.പി ഇതര പാര്‍ട്ടികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതു നമ്മുടെ എല്ലാവരുടെയും വലിയൊരു ദൗത്യമാണ്. കോണ്‍ഗ്രസ് അല്ല രാജ്യത്തിന്റെ ബദല്‍ മാര്‍ഗം. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍, പ്രധാനമന്ത്രിയാകുന്നതില്‍നിന്നു നരേന്ദ്ര മോദിയെ മാറ്റിനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര പാര്‍ട്ടികള്‍ രംഗത്തു വരണം. കോണ്‍ഗ്രസിന് അതിനുള്ള കെല്‍പ്പില്ല.

തെലങ്കാനയിലെ വിജയത്തിനു പിന്നാലെ ടിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു, ബിജെപിയെ തകര്‍ക്കാനായി അത്തരം പാര്‍ട്ടികളുമായി ഒന്നിച്ചു കൂടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഒവൈസി വ്യക്തമാക്കി. തെലങ്കാനയില്‍ ടി.ആര്‍.എസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താന്‍ മാസങ്ങള്‍ക്കു മുന്നേ പറഞ്ഞിരുന്നു.

തെലങ്കാനയിലെ ജനങ്ങള്‍ മനസ്സറിഞ്ഞ് ടി.ആര്‍.എസിനെ പിന്തുണച്ചു. തങ്ങള്‍ക്കൊരു നേതാവുണ്ടെന്ന് തെലങ്കാനയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും തന്റെ പരിധി തെലങ്കാനയില്‍ മാത്രം ഒതുങ്ങില്ലെന്ന് ചന്ദ്രശേഖര റാവു തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു

ദേശീയതലത്തില്‍തന്നെ ഇടപെടല്‍ നടത്താനുള്ള അവസരമാണിത്. തെലങ്കാനയിലെ ഭരണനിര്‍വഹണ മാതൃക രാജ്യത്തിനു കാട്ടിക്കൊടുക്കണം. അദ്ദേഹത്തിന് അദ്ഭുതങ്ങള്‍ കാട്ടാനാകും. കോണ്‍ഗ്രസ് ബിജെപി ഇതര പാര്‍ട്ടികള്‍ രംഗത്തെത്തി രാജ്യത്തിനു പുതിയ ദിശാബോധം നല്‍കണം, പുതിയ സാമ്പത്തിക നയം നല്‍കണം… കെസിആറിന് അതിനുള്ള കെല്‍പ്പുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും പാഠം പഠിക്കണം. 25 ലോക്‌സഭാ സീറ്റുള്ള ആന്ധ്ര പ്രദേശില്‍ രണ്ടു സീറ്റില്‍പ്പോലും ടിഡിപി വിജയിക്കില്ല. ജനങ്ങള്‍ അത്രയ്ക്കും അവരെക്കൊണ്ട് മടുത്തിരിക്കുകയാണ്. തെലങ്കാനയുടെ പകര്‍പ്പായിരിക്കും ആന്ധ്രയില്‍ നടക്കുക, ഒവൈസി കൂട്ടിച്ചേര്‍ത്തു.