റിലീസിനു മുമ്പേ ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തും; വെല്ലുവിളിച്ചു തമിഴ് റോക്കേഴ്‌സ്

single-img
12 December 2018

ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ പേടി സ്വപ്നമാണ് തമിഴ് റോക്കേഴ്‌സ്. ഏതു പുതിയ ചിത്രം റിലീസ് ചെയ്യുമ്പോഴും നിമിഷങ്ങള്‍ക്കുള്ളില്‍ തമിഴ് റോക്കേഴ്‌സ് അത് ഇന്റര്‍നെറ്റില്‍ എത്തിക്കുന്നു. വിജയിയുടെ സര്‍ക്കാര്‍, ആമിര്‍ഖാന്റെ തഗ്‌സ് ഒഫ് ഹിന്ദോസ്ഥാന്‍ രജനീകാന്തിന്റെ 2.0 എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങളുടെയെല്ലാം വ്യാജന്മാരുമായി തമിഴ് റോക്കേഴ്‌സ് രംഗത്തെത്തി.

ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ വ്യാജ പ്രിന്റും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണവര്‍. ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ഡിസംബര്‍ പതിനാലിന് വേള്‍ഡ് വൈഡ് റിലീസായിട്ടാണ് തിയറ്ററുകളില്‍ എത്തുക.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം 35 രാജ്യങ്ങളിലായി 3500ലേറെ സ്‌ക്രീനുകളിലാണ് റിലീസിനൊരുങ്ങുന്നത്.
എന്നാല്‍ ഈ ഭീഷണികളെ ഭയക്കേണ്ടതില്ലെന്നാണ് ഒടിയന്റെ അണിയറ പ്രവര്‍ത്തകരുടെ വാദം. ചിത്രം സൈറ്റില്‍ അപ്ലോഡ് ചെയ്താലുടന്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നവര്‍ വ്യക്തമാക്കി.

ഇതിനായി ഒരു ഹൈടെക്ക് ടീമിനെ ഒരുക്കിയിട്ടുണ്ട്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, മനോജ് ജോഷി, കൈലാഷ്, ഇന്നസെന്റ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഏത് സിനിമയും റിലീസിനു മണിക്കുറുകള്‍ മുമ്പേ ചോരും; സിനിമാക്കാരുടെ ഉറക്കംകെടുത്തുന്ന തമിഴ് റോക്കേഴ്‌സ് ചില്ലറക്കാരല്ല

ഏത് സിനിമയും റിലീസിനു മണിക്കുറുകള്‍ മുമ്പേ ചോരും; സിനിമാക്കാരുടെ ഉറക്കംകെടുത്തുന്ന തമിഴ് റോക്കേഴ്‌സ് ചില്ലറക്കാരല്ല