ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി; ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നു

single-img
12 December 2018

വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. ജയവും തോല്‍വിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്.

ഇന്ത്യയുടെ വികസനത്തിനായി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പു ഫലം സഹായിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സേവിക്കാന്‍ ജനങ്ങള്‍ നല്‍കിയ അവസരത്തിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പ്രതികരിച്ചു. പാര്‍ട്ടി ബഹുദൂരം പിന്നില്‍ പോകുമെന്നു പ്രവചിച്ചിരുന്ന രാജസ്ഥാനില്‍ മികച്ച പോരാട്ടമാണ് ബിജെപി നടത്തിയത്. എങ്കിലും ആത്മപരിശോധനയും സത്യസന്ധമായ വിശകലനവും നടത്തേണ്ടത് ആവശ്യമാണെന്നു ജയ്റ്റ്‌ലി പറഞ്ഞു.