മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ എന്തിനു സാത്താന്‍ ദിനമായ 13 നു പുറത്തു വിടുന്നു ?

single-img
12 December 2018

സിനിമയുടെ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തതക്ക് മുന്‍ഗണന നല്‍കുന്ന ആളാണ് പൃഥ്വിരാജ്. ഒരു സിനിമയിലും പ്രമേയപരമായി എന്തെങ്കിലും പ്രത്യേകതകള്‍ കാണും. ഇപ്പോള്‍ താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ ടീസര്‍ നാളെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോളും ഒരു പ്രത്യേകത അറിഞ്ഞോ അറിയാതെയോ പൃഥ്വിരാജ് സൂക്ഷിച്ചിരിക്കുന്നു.

മാര്‍ച്ചില്‍ റിലീസ് ചെയുന്ന ഒരു ചിത്രത്തിന് ഇത്ര നേരത്തെ അതും ഷൂട്ടിംഗ് കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളില്‍ ടീസര്‍ എത്തുന്നത് മാത്രമല്ല പ്രത്യേകത, അത് റിലീസ് ചെയ്യുന്ന തീയതിയിലുമുണ്ട്. ഡിസംബര്‍ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചതെന്നു വേണം കരുതാന്‍.

ഇന്ത്യക്കാര്‍ക്ക് 13 പൊതുവെ ഒരു പ്രശ്‌ന സംഖ്യാ ആണ്. എന്നാല്‍ അതിനു മറ്റൊരു വശം കൂടിയുണ്ട്. 13/12/2018 എന്ന തീയതിയിലെ 13ഉം 18ഉം മാത്രമെടുക്കുക. ലൂസിഫര്‍ എന്ന പേര് പരാമര്‍ശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13ാം അധ്യായത്തിലെ 18ാം വാക്യം ഇങ്ങനെയാണ്. ‘ഉള്‍ക്കാഴ്ചയുള്ളവന്‍ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവര്‍ക്കു മാത്രമേ അതു മനസ്സിലാകൂ.’

ഈ വാക്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കില്‍ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡര്‍ കാറിന്റെ നമ്പര്‍ KLT 666 ആണ്. ടീസര്‍ റിലീസ് അറിയിച്ച പോസ്റ്ററിലും ഈ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഈ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒരുപക്ഷെ സിനിമാക്കാരുടെ അടക്കം 13ന്റെ അന്ധവിശ്വാസം പൊളിച്ചെഴുതാന്‍ കൂടി ശ്രമിക്കുകയാവും ലൂസിഫറിന്റെ അണിയറക്കാര്‍.

കടപ്പാട്; മനോരമ