മധ്യപ്രദേശില്‍ 121 എം.എല്‍.എമാരുടെ പിന്തുണയുമായി കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടു; കമല്‍നാഥ് തലപ്പത്തേക്ക്?

single-img
12 December 2018

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേലിന് കത്ത് നല്‍കി. ബുധനാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ എത്തിയാണ് കമല്‍നാഥ് കത്ത് കൈമാറിയത്.

സര്‍ക്കാര്‍ രൂപീകരിക്കാനായി സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് അവകാശപ്പെട്ടു. 121 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചുവെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സലൂജ വ്യക്തമാക്കി.

230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാണ്. കോണ്‍ഗ്രസിന് സ്വതന്ത്ര എംഎല്‍എമാരും ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കേവലഭൂരിപക്ഷത്തിനുവേണ്ട 116 എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ കോണ്‍ഗ്രസിനാകും.

വൈകിട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം നേതാവിനെ തിരഞ്ഞെടുക്കു. ഇതില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനാണ് സാധ്യത. ഇരുപത്തിനാലര മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിന് ശേഷം രാവിലെ എട്ടരയ്ക്കാണ് മധ്യപ്രദേശില്‍ ചിത്രം തെളിഞ്ഞത്.

കേവല ഭൂരിപക്ഷത്തിനുള്ള 116 എന്ന മാജിക്ക് നമ്പറിന്റെ തൊട്ടടുത്ത് എത്തിയ കോണ്‍ഗ്രസിന് ബി.എസ്.പിയുടെ രണ്ട് സീറ്റിന്റെയും എസ്.പിയുടെ നാല് സീറ്റിന്റെയും വിമതരായി രംഗത്തിറങ്ങി വിജയിച്ച നാല് പേരുടെ പിന്തുണ ഉറപ്പായതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിഞ്ഞത്.

109 സീറ്റുനേടിയ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയതോടെ രാഷ്ട്രീയ നാടകങ്ങള്‍ മധ്യപ്രദേശില്‍ അരങ്ങേറില്ലെന്ന് വ്യക്തമായി. ഗവര്‍ണറെ കണ്ട് ചൗഹാന്‍ രാജിക്കത്തും കൈമാറി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപി അഹങ്കാരം വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.