അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍; ചൗഹാന്‍ രാജിവച്ചു

single-img
12 December 2018

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണും. 114 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. ബി എസ് പി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

രണ്ടു സീറ്റുകളിലാണ് ബി എസ് പി വിജയിച്ചത്. ബി എസ് പി അധ്യക്ഷ മായാവതിയാണ് വാര്‍ത്താ സമ്മേളനം നടത്തി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഒരു സീറ്റില്‍ വിജയിച്ച എസ് പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിച്ചുവന്ന നാല് സ്വതന്ത്രരും കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ചവരാണ്. ഇവരും ഇതിനോടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായി.

അതേസമയം മധ്യപ്രദേശില്‍ 109 സീറ്റ് നേടിയ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ജനവിധി അംഗീകരിക്കുന്നുവെന്നും ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയതോടെ രാഷ്ട്രീയ നാടകങ്ങള്‍ മധ്യപ്രദേശില്‍ അരങ്ങേറില്ലെന്ന് വ്യക്തമായി.

ഇതോടെ, മധ്യപ്രദേശിലെ പതിനഞ്ചുവര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ഭരണം കൈപ്പിടിയിലൊതുക്കി കോണ്‍ഗ്രസ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് രാത്രി തന്നെ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ നീരീക്ഷകനായി സര്‍ക്കാര്‍ രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ എ.കെ. ആന്റണിയും ഭോപ്പാലിലെത്തി.