കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ മദ്ധ്യപ്രദേശില്‍ താമര വിരിയിക്കാന്‍ അമിത് ഷാ: ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ തീരുമാനം നിര്‍ണായകം

single-img
12 December 2018

അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചര്‍ച്ചകള്‍ സജീവം. മധ്യപ്രദേശില്‍ കേവലഭൂരിപക്ഷം നേടാത്ത കോണ്‍ഗ്രസ്, ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്.

എന്നാല്‍ ബിഎസ്പി എസ്പി പിന്തുണ ആവശ്യപ്പെട്ടാല്‍ പകരം മന്ത്രി സ്ഥാനം ചോദിച്ചേക്കുമെന്നത് കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഈ കക്ഷികളുമായി ബന്ധപ്പെട്ട് അങ്ങോട്ട് സഹായം തേടിയിട്ടില്ല. ഇവരുടെ വിലപേശലിന് വഴങ്ങുന്നതിന് പകരം സ്വതന്ത്രരായി ജയിച്ച നാല് പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.

കാരണം ജയിച്ച നാല് സ്വതന്ത്രരും കോണ്‍ഗ്രസുകാരാണ്. ഇവരെല്ലാം പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് റിബലായി മത്സരിച്ച് ജയിക്കുകയായിരുന്നു. ഇവരെ തിരികെ കോണ്‍ഗ്രസിലേക്ക് തന്നെ കൊണ്ടുവരാനുള്ള ചര്‍ച്ചകളിലാണ് നേതാക്കള്‍. ഈ നാല് പേരില്‍ മൂന്നു പേരും മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ്ങിനോട് അടുപ്പം പുലര്‍ത്തുന്നവരുമാണ്.

ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ഇന്നലെ തന്നെ അനുമതി തേടിയിരുന്നു. എന്നാല്‍ മുഴുവന്‍ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ആനന്ദിബെന്‍ പട്ടേലിന്റെ നിലപാട്. ബിജെപിയും ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര ബി.ജെ.പി നേതൃത്വം നടത്തുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നിര്‍ണായകമാവുന്നത് ഗവര്‍ണറായ ആനന്ദിബെന്‍ പട്ടേലിന്റെ തീരുമാനമാണ്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ ആനന്ദിബെന്‍ പട്ടേല്‍ സ്വീകരിക്കുന്ന നിലപാടാണ് ദേശീയ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത്.

നിലവില്‍ 109 സീറ്റുമായി ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. അതേസമയം, ഗോവയിലും മേഘാലയിലും ബി.ജെ.പി പയറ്റിയ തുറുപ്പ്ചീട്ട് മദ്ധ്യപ്രദേശിലും ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളും കൃത്യമായ ട്രെന്‍ഡ് പ്രകടമാക്കിയപ്പോള്‍ അവസാനനിമിഷം വരെയും സസ്‌പെന്‍സ് നിലനിറുത്തിയാണ് മദ്ധ്യപ്രദേശില്‍ വോട്ടെണ്ണല്‍ നടന്നത്.

ഇന്ന് ഭോപ്പാലിലെത്തുന്ന എ.കെ ആന്റണി കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ പങ്കെടുക്കും. വിമതരും സ്വതന്ത്രരും ഒപ്പം നില്‍ക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ പറഞ്ഞു.