ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിക്ക് തൂക്കുകയറില്ല; ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

single-img
12 December 2018

ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. ആന്റണി നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ആന്റണി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2015 ഏപ്രില്‍ 27ന് ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. 2010ല്‍ നല്‍കിയ ദയാഹര്‍ജി അഞ്ചുകൊല്ലത്തിനുശേഷമാണു തള്ളിയത്.

2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെന മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ച് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. സിബിഐ സ്‌പെഷല്‍ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്.

റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മാഞ്ഞൂരാന്‍ ഹാര്‍ഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്റ്റിന്‍. അഗസ്റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാന്‍ പണം നല്‍കാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടില്‍ പതിയിരുന്ന് ഒറ്റയ്ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

ഒട്ടേറെ ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീര്‍ന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിച്ചപ്പോള്‍ സമീപവാസികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് ഇടപെടല്‍.