വാട്‌സാപ്പില്‍ ‘ഇഡിയറ്റ്’ എന്ന് വിളിച്ചു: യുഎഇയില്‍ യുവാവിന് 20,000 ദിര്‍ഹം പിഴയും 60ദിവസത്തെ ജയില്‍ ശിക്ഷയും

single-img
11 December 2018

പ്രതിശ്രുത വധുവിനെ വാട്‌സാപ്പില്‍ ‘പൊട്ടി’ എന്ന് വിളിച്ച യുവാവിന് അബുദാബിയില്‍ ജയില്‍ ശിക്ഷയും പിഴയും. 20,000 ദിര്‍ഹം പിഴയും 60 ദിവസത്തെ ജയില്‍വാസവുമാണ് കോടതി ശിക്ഷിച്ചത്. യുവതിക്ക് തമാശരൂപേണ അയച്ച സന്ദേശമാണ് ഗള്‍ഫ് സ്വദേശിയായ യുവാവിന് വിനയായത്.

ഇഡിയറ്റ് എന്ന് വിളിച്ച് അധിക്ഷേപിച്ചു (അറബിയില്‍ ഹബ്ല) എന്നാണ് പരാതി. തമാശക്ക് ആ വാക്ക് ഉപയോഗിച്ചതാണെന്നാണ് യുവാവ് കോടതിയില്‍ വിശദീകരിച്ചത്. എന്നാല്‍ തന്നെ അധിക്ഷേപിച്ചതാണെന്ന് കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

നിയമം അനുസരിച്ച് അധിക്ഷേപകരമായ സ്വഭാത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അയക്കുന്നത് സൈബര്‍ കുറ്റകൃത്യമാണ്. കുറ്റാരോപിതന്‍ ജയിലിലാകുമെന്ന് മാത്രമല്ല ദശലക്ഷം ദിര്‍ഹം വരെ പിഴ അടയ്‌ക്കേണ്ടിയും വന്നേക്കാം. മറ്റൊരു കേസില്‍ വാട്‌സാപ്പ് കോണ്‍ടാക്ട് ലിസ്റ്റിലുള്ള സ്ത്രീക്ക് മോശം വീഡിയോ അയച്ചതിന് യുവാവ് പിടിയിലായി.

അബദ്ധത്തില്‍ വീഡിയോ ക്ലിപ് അയച്ചുപോയതാണെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്. പതിവായി എല്ലാവര്‍ക്കും പ്രാര്‍ത്ഥനാ വീഡിയോ ദൃശ്യങ്ങള്‍ അയക്കാറുണ്ടെന്നും അങ്ങനെ തനിക്ക് കിട്ടിയ വീഡിയോയുടെ ഉള്ളടക്കം പരിശോധിക്കാതെ ഫോര്‍വേഡ് ചെയ്തുപോയതാണെന്നുമാണ് യുവാവ് കോടതിയില്‍ പറഞ്ഞത്.